ഡാർവിൻ: സെന്റ് അൽഫോൻസാ ഡാർവിൻ സീറോമലബാർ ഇടവകയിൽ വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്ത തിരുനാളിന് വെള്ളിയാഴ്ച കൊടിയേറി.
വൈകുന്നേരം അഞ്ചിന് ഡാർവിൻ രൂപത മുൻ മെത്രാൻ ബിഷപ് യൂജിൻ ഹർലി കൊടിയേറ്റം നിർവഹിക്കും. തുടർന്ന് ഫാ. ജോസഫ് പുല്ലനപ്പിള്ളിലിന്റെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഇടവകയിലെ ടീൻസ് മിനിസ്ട്രി അംഗങ്ങൾ നേതൃത്വം നൽക്കും.
ശനിയാഴ്ച രാവിലെ 9.30ന് ഇടവക വികാരി റവ. ഡോ. ജോണ്‍ പുതുവ അർപ്പിക്കുന്ന വിശുദ്ധ കുർബാനയിൽ മിഷൻ ലീഗ് അംഗങ്ങളും തോമസ് നാമധാരികളും നേതൃത്വം നൽകും. വൈകുന്നേരം അഞ്ചിന് "എൽഖാനിയ 2025' സണ്‍ഡേ സ്കൂൾ വാർഷികവും ഇടവക ദിനാഘോഷവും ഡാർവിൻ രൂപത മെത്രാൻ ബിഷപ് ചാൾസ് ഗൗച്ചി ഉദ്ഘാടനം ചെയ്യും.
മന്ത്രി ജിൻസണ് ചാൾസ് മുഖ്യപ്രഭാഷണം നടത്തും. ഷാഡോ മിനിസ്റ്റർ ചാൻസി പീച്ച് ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കും. തുടർന്ന് മതബോധനവിദ്യാർഥികളും ഇടവകാംഗങ്ങളും ഒന്നുചേർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും.
ഞായറാഴ്ച തിരുനാൾ ദിനത്തിൽ തിരുബാലസഖ്യം, അൽഫോൻസ നാമധാരികളുടെ നേതൃത്വത്തിൽ ദീപകാഴ്ചയോടെ തിരുക്കർമങ്ങൾ ആരംഭിക്കും. ഡാർവിൻ കത്തീഡ്രൽ അഡ്മിനിസ്ട്രേറ്റർ ഫാ. ടോം ജോസ് പാണ്ടിയപ്പിള്ളി സിഎംഐ തിരുനാൾ പാട്ടുകുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കും.
തുടർന്ന് പ്രദക്ഷിണം, ലേലം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. ഇടവക വികാരി റവ. ഡോ. ജോണ്‍ പുതുവ, ജോണ്‍ ചാക്കോ, സാൻജോ സേവ്യർ, റിൻസി ബിജോ, ലാൽ ജോസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ തിരുനാളിന്റെ വിജയത്തിനായി പ്രവർത്തിച്ച് വരുന്നു.